പാറശാല: തെരുവുനായയുടെ ആക്രമണത്തില്‍ പാറശാല ടൗണിലും പരിസരങ്ങളിലുമായി ആറോളം പേര്‍ക്ക് പരിക്ക്. ഇന്നലെ അതിരാവിലെ പാറശാല ശ്രീമഹാദേവര് ക്ഷേത്രത്തിലെ താത്ക്കാലിക ജീവനക്കാരി മുരിയങ്കര വലിയതോട്ടം പുരയിടത്തില്‍ സെല്‍വിയെ ഗാന്ധിപാര്‍ക്കിന് സമീപം നായ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെല്‍വിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഓട്ടോ സ്റ്റാൻഡിലെത്തിയ നായ ഓട്ടോ ഡ്രൈവർമാരായ ജസ്റ്റിന്, ബിനു എന്നിവരെയും ഒരു സ്കൂള്‍ വിദ്യാര്‍ഥിയെയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെനെയും ഉള്‍പ്പെടെ ആറോളം പേരെ കടിച്ച് മുറിവേല്‍പ്പിച്ചു.
തെരുവുനായ മറ്റ് നിരവധി നായ്കളേയും കടിച്ചതിനെത്തുടര്‍ന്ന് പാറശാല പഞ്ചായത്തിന് വിവരം ലഭിച്ചയുടന്‍ നടപടിസ്വീകരിച്ചു.
നായയ്ക്ക് പേയുണ്ടെന്ന സംശയത്താൽ കൊല്ലിയോട് വെറ്ററിനറി എല്‍ഐ യുടെ കീഴിലുള്ള വിദഗ്ദ്ധ സംഘം എത്തി നിരവധി നായകള്‍ക്ക് പേ വിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പ് നല്കി.
കഴിഞ്ഞദിവസം രാത്രിയിലും പുറത്തുനിന്നും വാഹനങ്ങളില്‍ ചിലർ തെരുവുനായകളെ പിടിച്ചുകൊണ്ട് വന്ന് മുറിയാത്തോട്ടം ഭാഗത്ത് വിട്ട ശേഷം കടന്നുകളഞ്ഞതായി സ്ഥലവാസികള്‍ പറയുന്നു.
വരും ദിവസങ്ങളില്‍ നായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ വേണ്ട നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍ വിള സുരേന്ദ്രന് പറഞ്ഞു.